Wednesday, April 7, 2010

യുക്തി ജയിച്ച രാത്രി

പട്ടി തേങ്ങ പോതിയ്ക്കാന്‍ പുറപ്പെട്ട പോലെ - ആഭിചാര ക്രിയകള്‍ കൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രവാദിയെ പറ്റി സനല്‍ ഇടമറുക് പറഞ്ഞതാണിത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ "ഇന്‍ഡ്യ ടി.വി." എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മയും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്‍ച്ച ചൂട്‌ പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക്‌ അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് പറഞ്ഞ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മ എന്ന മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളിച്ചതോടെയാണ് രസകരമായ സംഭവ പരമ്പരയുടെ തുടക്കം......

വാര്‍ത്ത ഇ-പത്രത്തില്‍ ഇവിടെ

Friday, October 16, 2009

രാജ്യദ്രോഹി

ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്‍ഷങ്ങള്‍ ..

വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്‍ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..

ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്‍ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.
ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..
തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..
ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു.

"നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര്‍ മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് -രാമേട്ടന്‍ ,ഫ്രാന്‍ സിസ് അങ്ങനെ എത്രപേര്‍ ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്‍വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്‍ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര്‍ ത്തപ്പോള്‍ അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന്‍ കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു.

ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.
എസ്കോര്‍ ട്ട് വണ്ടികള്‍..??

ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര്‍ ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര്‍ പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്‍ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്..അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.
വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര്‍ ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര്‍ ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര്‍ തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല.ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര്‍ ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ദുബായ് വഴിയായിരുന്നു റിക്രൂട്ട് മെന്റ്..കൂടാതെ സ്ഫോടനം നടന്നതിന്റെ ഒന്നാം വാര്‍ ഷികത്തില്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക് നിരവധി തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവും പോലീസ് ഹാജരാക്കുന്നുണ്ട്. നാട്ടിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിനു തെളിവുലഭിച്ചിട്ടുണ്ട്.വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഖുര്‍ ആന്റെ പ്രതികളും ഇയാള്‍ ക്കെതിരെയുള്ള ശക്തമായ തെളിവാണ്.
ഞാന്‍ ഞെട്ടിപ്പോയി."അക്രമികളായ ആളുകളെ ദൈവം സന്‍മാര്‍ഗത്തില്‍ ആക്കുന്നതല്ല"എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഖുര്‍ ആന്‍ എനിക്കെതിരെയുള്ള തെളിവോ..??
എങ്കിലും ഞാന്‍ പേടിച്ചില്ല. ഞാനൊരിക്കലും എന്റെ നാടിനോടുള്ള വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തിയിട്ടില്ല.
അങ്ങനെ യുള്ളവര്‍ നിര്‍ഭയരാണ് എന്ന് പഠിപ്പിച്ചതും ഈ ഖുര്‍ ആനാണ്..എനിക്കു നെഞ്ചിന്റെ ഇടതു വശത്ത് കൊളുത്തിവലിക്കുന്ന പോലെ അനുഭവപ്പെട്ടു തുടങ്ങി.വേദന മൂര്‍ ച്ഛിച്ച് ഡോക്ടര്‍ ഇക്ബാലിന്റെ മേശക്ക് മുകളിലേക്ക് വീണ ആ നിമിഷം വീണ്ടും വരുന്നു. നാഥാ..ഞാന്‍ ആദ്യം സുജൂദ് ചെയ്ത മണ്ണിനെ നീ കാക്കണേ.
എന്റെ വാക്കുകള്‍ ചാനല്‍ പടയുടെ ബഹളങ്ങള്‍ ക്കു മുന്നില്‍ ഉയര്‍ ന്നില്ല..അവര്‍ റിപ്പോര്‍ ട്ട് ചെയ്തു കൊണ്ടേഇരുന്നു." ..ഇതാ ഇപ്പോള്‍ വിലങ്ങിട്ടകൈകള്‍ കൊണ്ട് നെഞ്ചില്‍ അമര്‍ ത്തിക്കാണിച്ച് അഹമ്മദ് എന്തോ മുദ്രകാണിക്കുകയാണെന്നു തോന്നുന്നു.ഇടക്കു ഇടക്കു അയാള്‍ ആളുകള്‍ക്ക് മുഖം കൊടുക്കാതെ കൂടുതല്‍ താഴേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പോലീസ് കാരന്റെ ചുമലില്‍ ചാരാന്‍ ശ്രമിച്ച അഹമ്മദിനെ മറ്റൊരു പോലീസുകാരന്‍ ......."

അഴിച്ചു വിട്ട പോലുള്ള ഒരു തണുത്ത കാറ്റ് എന്നെ വിഴുങ്ങിത്തുടങ്ങി....

Saturday, April 11, 2009

മമ്മൂട്ടി സിനിമ സ്തോത്രം തോമ - വണ്‍ലൈന്‍ സ്റ്റോറി



കൂന്താലി പുരം ഗ്രാമം
അവിടുത്തെ മികച്ച വാഴ കര്‍ഷകന്‍ ആണു തോമ എന്ന മമ്മൂട്ടി . മണ്ണിനോടു മല്ലിടുന്ന ശരീരം.വെയിലും മഴയും കൂസാത്ത ഭാവം. സ്വന്തം കാര്‍ഷിക ഭൂമിയില്‍ കണ്ണുവെച്ചിട്ടുള്ള ഭൈരവന്റെ (മനോജ്.കെ.ജയന്‍)കുതന്ത്രങ്ങള്‍ക്കിരയാവാതെ നൂറു മേനി വിളയിക്കുന്ന "നിയ്ക്ക് ഇത്രെ പറ്റൂ വല്യമ്മാമെ" എന്നൊക്കെ പറയുന്ന തോമ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്.(പാട്ട്)

മമ്മൂട്ടി അവതരിപ്പിക്കുന്ന തോമ എന്ന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണ മാനസിക പ്രശ്നങ്ങളിലൂടെ ആണു ഈ കഥ കടന്നു പോകുന്നത്.
തോമ- ഒരു കയ്യില്‍ വേദപുസ്തകം, കഴുത്തില്‍ വെന്തിങ്ങ, വാഴക്കറ വീണു പാണ്ടു വീണ മുറിക്കയ്യന്‍ ബനിയന്‍..ഞെരിയാണി വരെ കഷ്ടി എത്തുന്ന നീല കള്ളി മുണ്ട്. ഇതാണു വേഷം. ഹെയര്‍ സ്റ്റൈല്‍ ബല്‍റാം v/s താരാദാസിലെ താരാദാസിന്റെ മതിയാവും.(മമ്മുക്കാക്ക് ഇത്രയും അനുയോജ്യമായ ഹെയര്‍ സ്റ്റൈല്‍ വേറെ ഇല്ലെന്നാണ് അതിന്റെ പ്രൊഡ്യൂസര്‍ ലിബര്‍ട്ടി ബഷീര്‍ക്കാടെയും,തോമയുടെ ഡയറക്ടര്‍ ഷാജി കൈലാസിന്റെയും അഭിപ്രായം.)
അമ്മയായി അഭിനയിക്കുന്ന ഉര്‍വ്വശി യും മകനായ മമ്മൂട്ടിയും എപ്പോഴും തമ്മില്‍ തമ്മില്‍ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നും അടിപിടിയും ബഹളവും..നാട്ടുകാര്‍ക്ക് എന്നും ഇവരെ കുറിച്ചുള്ള പരാതി കാരണം സ്ഥലം എസ്.ഐ കൊച്ചുപ്രേമന്‍ പൊറുതിമുട്ടി. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് ഹെഡ്കോണ്‍സ്റ്റബിള്‍ സലീം കുമാറുമായി ആലോചിച്ചു വരുന്ന അവസരത്തിലാണ്,സ്റ്റേഷനില്‍ ഒരു വനിതാ പീസ് സോറി വനിതാ പീസി.ചാര്‍ജു എടുക്കുന്നത്. തല്‍ക്കാലം ആ റോള്‍ ലക്ഷ്മി റായ് എടുക്കട്ടെ.

കൂന്താലിപുരത്തിന്റെ രക്ഷക്കായി തോമയുടെയും അമ്മയുടെയും വഴക്കു തീര്‍ക്കാന്‍ ലക്ഷ്മി റായ് ആ ടാസ്ക് ഏറ്റെടുക്കുന്നു.ഒരു വാടകക്കാരിയായി തോമയുടെ വീട്ടില്‍ താമസിക്കാന്‍ ലക്ഷമീ റായ് എത്തുന്നു. അമ്മയായ ഉര്‍വ്വശി യെ സോപ്പിട്ട് മകന്‍ മമ്മൂട്ടി അറിയാതെ ലക്ഷ്മിറായി അവിടെ താമസം തുടങ്ങി.
ഓല കൊണ്ടു മറച്ച കുളിമുറിയില്‍ കുളിക്കാന്‍ കയറിയ ലക്ഷ്മി റായ് വസ്ത്രം മാറ്റുന്നതിനിടെ ആളുള്ളതു അറിയാതെ തോമ കുളിമുറിയില്‍ കടക്കുന്നു.
നിലവിളി...നിലവിളി..

ഒരു പീഢനം പ്രതീക്ഷിച്ച ലക്ഷ്മി..പക്ഷെ മാപ്പു പറഞ്ഞു തലതാഴ്ത്തി കുളിമുറിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന തോമയില്‍ അനുരാഗബന്ധനസ്ഥയാകുന്നു.(പാട്ട്).

തുടര്‍ന്നുള്ള ലക്ഷ്മിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ അമ്മയ്ക്കും മകനും ഇടയില്‍ സംഭവിച്ച അകല്‍ച്ചയുടെ കാരണം കണ്ടെത്തുന്നു. തോമയ്ക്ക് നാലു വയസ്സുള്ളപ്പോള്‍ തോമയുടെ അച്ഛന്‍ ലാലു അലക്സ് ഒരു കല്ലുവെട്ട് കുഴിയില്‍ വീണു മരിക്കുന്നു. ഇതിന്റെ ആഘാതം മനസ്സില്‍ ഏല്‍ പ്പിച്ച ക്ഷതത്തെ തുടര്‍ന്നാണ് അമ്മ തോമയെ വെറുക്കാന്‍ തുടങ്ങുന്നതു.എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ അമ്മയ്ക്കു തോമായോട് പെരുത്തു ഇഷ്ടത്തോട് ഇഷ്ടം എന്ന് മനശ്ശാസ്ത്രഞ്ജന്‍ ജഗദീഷിന്റെ സഹായത്താല്‍ ലക്ഷ്മി മനസ്സിലാക്കുന്നു.

ഇതിനിടയില്‍ സ്ഥലത്തെ പ്രധാന കാശുകാരന്‍ കൂടിയായ ഭൈരവന്‍ ലക്ഷ്മിയില്‍ കണ്ണു വെക്കുന്നു ഭൈരവന്‍ വീട്ടു ജോലിക്കാരി കുളപ്പുള്ളിലീലയുടെ സഹായത്താല്‍ ലക്ഷ്മി യെ ചതിയില്‍ പെടുത്തുന്നു.
ചതിയില്‍ വീഴുന്നതിന്റെ തൊട്ടുമുന്‍പ് ലക്ഷ്മി ആ സത്യം വെളിപ്പെടുത്തുന്നു.ഭൈരവന്റെ അച്ഛന്‍ മുനിയാണ്ടി ദൊരൈ എന്ന ദേവന്‍ ആണു, മമ്മൂട്ടിയുടെ അച്ഛന്‍ ലാലു അലക്സിനെ കൊല്ലുന്നതു.

കുഞ്ഞായിരുന്ന തോമ ഫുട്ബോള്‍ കളിക്കുമ്പോള്‍ അതേ സമയം മറ്റൊരു കുഞ്ഞായിരുന്ന ഭൈരവനു ബോള്‍ കൊടുത്തില്ല എന്നകാരണം കൊണ് ടാണ് നിഷ്ഠൂരമായ ഈ കൊല നടത്തുന്നതു. ഇത് സെപിയ ടോണില്‍ ഫ്ലാഷ് ബാക്ക് ആയി കാണിക്കാം.
പിന്നീടങ്ങോട്ട് ചതിയില്‍ പെട്ട ലക്ഷ്മിയെന്ന പോലീസുകാരിയെ രക്ഷിക്കാന്‍ കേരളാപോലീസും..അച്നെ കൊന്നവരോട് പ്രതികാരത്തിനെത്തുന്ന തോമയും..പോരേ..
നൂറു ദിവസം ഓടാന്‍ ഈ കഥ പോരേ..
-ഭരണിത്തിരുനാള്‍ റഫീക്ക്-

Tuesday, March 17, 2009

മോഹന്‍ലാല്‍ കഥയെഴുതുന്നു മമ്മൂട്ടി നായകന്‍



ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ചുമ്മാ അഭിനയം മാത്രമല്ല ,കുറച്ചു കാട്ടിക്കൂ
ട്ടലുകള്‍ കൂടി വേണമെന്ന തിരിച്ചറിവായപ്പോഴെക്കും കാലം കുറച്ചധികം തിരിഞ്ഞു കഴിഞ്ഞോന്ന് സംശയം. മമ്മൂട്ടി ഇടതു കൈ താടിയിലൂന്നി മാക് പവര്‍ ബുക്ക് ഓണ്‍ ചെയ്തു. ലാപ് ടോപ്പിനടുത്ത് പൌലോ കൊയ് ലോയുടെ ആല്‍ കെമിസ്റ്റ് ഊഴം കാത്തു കിടക്കുന്നു.ഇടതു വശത്ത് പാതി തുറന്ന ക്യാമറാ ബാഗില്‍ നിക്കോണിന്റെ പുതിയ ക്യാമറ കുറച്ചു വെളിച്ചത്തിനു വേണ്ടി ദാഹിച്ചു എരി പൊരി സഞ്ചാരം കൊള്ളുന്നു.
ലൌ ഇന്‍ സിംഗപ്പൂരിന്റെ ട്രാജഡിയില്‍ നിന്നും റിലീഫ് ആയി വരുന്നേഉള്ളൂ. ഇനിയിപ്പോ തിരോന്തരം ഭാഷയും ഏല്‍ക്കും എന്നു തോന്നുന്നില്ല. ഷാര്‍ജ‍യിലെ കോണ്‍കോര്‍ഡ് തിയ്യേറ്ററില് ഒരു മൂന്നു തലമുറക്കു ജീവിക്കാനുള്ള കൂവലാണ് സുരാജിനും തനിക്കും കിട്ടിയത്. വിധി തടുക്കാന്‍ എസ്.എന്‍ സ്വാമിക്കും കഴിയില്ലല്ലോ.
പിന്നെ ആകെ സമാധാനം താനും സുരാജും വാങ്ങിയ കൂവലിന്റെ അതേ സ്ട്രെങ്ത്തില് റെഡ് ചില്ലീസിലെ മോഹന്‍ലാലിന് കിട്ടി എന്നതാണ്. അഗ്രഹാരത്തിലെ ദൈവമായി പൂര്‍ണ്ണകായ മോഹന്‍ലാല്‍ ഫോട്ടോ കാണിച്ചാല്‍ ആരും കൂവും.തന്റെ ഡാന്‍സ് കണ്ടിട്ടു പോലും കൂവുന്ന അലവലാതികളാ.. ഈ ഷാജിയൊക്കെ ഇനി എന്നു സിനിമ എടുത്തു പഠിക്കാനാ..
ബീപ്...ബീപ്.. പുതിയ ബ്ലാക്ക് ബെറി മുരളുന്നു..




007 007 ഓ മൈ ഗോഡ് ഷാജി കൈലാസിന്റെ നമ്പറാണല്ലോ..
ഹലോ..
ഷാജി കൈലാസ് : മമ്മുക്കാ .. ഇക്കാക്കു പറ്റിയ പുതിയ ഒരു സബ്ജക്ട് ഉണ്ട്. ഈ നൂറ്റാണ്ടില് മമ്മുക്കാടെ ഡേറ്റ് ഒഴിവുണ്ടാകുമോ..?
മമ്മൂട്ടി : നീ ചോദിച്ചാ നാളെ വേണമെങ്കില് ഡേറ്റു തരാം..എന്താ വേണോ..?

ഷാ കൈ : താങ്ക് സ് മമ്മൂക്ക. കോമഡി സബ്ജക്ടാ..മമ്മുക്കാടെ ക്യാരക്ടര്‍ “സ്തോത്രം തോമ”
മമ്മൂട്ടി : (ചിരിക്കുന്നു) കൊള്ളാം .നന്നായിട്ടുണ്ട്. ആരാ ഹീറോയിന്‍ .
ഷാ കൈ : ബേബി ശ്യാമിലി അല്ലെങ്കില് സനുഷ ആയിരിക്കും ഹീറോയിന്‍ ..മമ്മുക്കാടെ അമ്മ വേഷത്തില് ഉര്‍വ്വശിയെ പരിഗണിക്കുന്നുണ്ട് .അല്ലെങ്കില് മീരാജാസ്മിന്‍ .
മമ്മൂട്ടി : ആ അതു നന്നായി കഴിഞ്ഞമാസം റുവാണ്ടയില് പോയി പുതിയ കുറച്ചു കോസ്റ്റ്യൂം കൊണ്ടു വന്നിട്ടുണ്ട്. അതു യൂസ് ചെയ്യാം. പാട്ടും ഡാന്സും ഉണ്ടല്ലോ അല്ലേ..
ഷാ കൈ : 4 എണ്ണം .ഒരെണ്ണം ഐറ്റം നമ്പറാ നമിത. 2 സോങ്ങ് മമ്മുക്കായും ഹീറോയിനും കോമ്പിനേഷന്‍ ഡാന്‍സ്.പിന്നെ ഒരെണ്ണം അമ്മയുടെ മടിയില് കിടന്നുള്ള മമ്മുക്കാ സോങ്ങ്.
മമ്മൂട്ടി : കലക്കി ഞാന്‍ ഇപ്പോള് തന്നെ ജോര്‍ജിനെ വിളിച്ചു പറയാം ചിത്രഭൂമിയിലും ,നാനയിലുമൊക്കെ ജോര്‍ജ് കൊടുത്തു കൊള്ളും..പോരെ..?
ഷാ കൈ : മീഡിയക്കു ചുമ്മാതെ കൊടുക്കരുത് ഒരു സെന്‍ സേഷന്‍ ഉണ്‍ടാക്കുന്ന വാര്‍ത്ത വേണം പുറത്തു വിടാന്‍. അങ്ങനെ ഐഡിയ വല്ലതും മമ്മുക്കാക്ക് തോന്നുന്നുണ്ടോ. ഇനിയിപ്പോ വിദേശത്തു വച്ച് ഷൂട്ടിംഗ് എന്നു പറഞ്ഞാലൊന്നും ആളു കേറില്ല.
(മമ്മൂട്ടിയുടെ മനസ്സിലൂടെ ലൌ ഇന് സിംഗപ്പൂരിന്റെ 3 റീല് കടന്നു പോയി).
മമ്മൂട്ടി : ഷാജി ഒരു കാര്യം ചെയ്യ്. ഈ സ്തോത്രം തോമ്മായുടെ കഥ മോഹന്‍ ലാലിന്റെ താണെന്ന് പത്രക്കാരോട് കാച്ച്. ഞാന് ലാലിനോട് വിളിച്ച് പറഞ്ഞോളാം. ചാനലായ ചാനലൊക്കെ ഇതും വിളിച്ചു നടന്നോളും.
ഷാ കൈ : അതു കൊള്ളാം! നല്ല ഐഡിയ!.ഞാനൊരു 10 മിനിറ്റ് കഴിഞ്ഞ് ചിത്രഭൂമിയില്‍ വിളിച്ചു പറഞ്ഞോളാം.അപ്പോഴെക്കും മമ്മുക്കാ ലാലുനെ വിളി.


(ബീപ്..മമ്മൂട്ടി ഫോണ് കട്ട് ചെയ്തു ലാലിന്റെ നമ്പര്‍ ട്രൈ ചെയ്തു.)
മമ്മൂട്ടി : ആ ലാലേ..നീയെവിടാ ഇപ്പോള്
മോഹന്‍ലാല്‍ : ഈ പ്രപഞ്ചത്തില് എല്ലായിടത്തും ഞാന് ഉണ്ട് മമ്മുക്കാ..എന്താ വിശേഷം..സുഖല്ലേ..
മമ്മൂട്ടി : സുഖം ..ആ ലാലേ..ഷാജിയുടെ പുതിയ പടം എന്നെ വച്ച് “സ്തോത്രം തോമ്മാ..ഒരു മീഡിയാ സെന്‍ സേഷന്റെ വേണ്ടി കഥ ലാലിന്റെ ആണെന്നാണ് വച്ചു കാച്ചുന്നത് .തനിക്കു എതിര്പ്പൊന്നും ഇല്ലല്ലോ..
മോ ലാല് : (ചിരിക്കുന്നു) മമ്മുക്ക നിങ്ങളില്ലാതെ എനിക്കെന്തു ആഘോഷം .ശംഭോ മഹാദേവ..എന്താന്നു വച്ചാല്‍ ചെയ്യാശാനേ.

10 മിനിറ്റിനു ശേഷം ഷാജി കൈലാസ് ചിത്രഭൂമിയിലേക്ക് വിളിക്കുമ്പോള്.

ഷാ കൈ : ഹലോ ഇതു കൈലാസത്തില് നിന്നുമാണ്.
ചി ഭൂ : ആരാ ശിവനാണോ..?
ഷാ കൈ : അല്ല ഷാജി കൈലാസാണ്.
ചി ഭൂമി : ആ ഷാജി സന്തോഷം വിളിച്ചതിന്, പ്രിയദര്‍ശന്‍ ദാ..ഇപ്പോള് വിളിച്ചു വച്ചേ ഉള്ളൂ പ്രിയന്റെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു. മോഹന്‍ലാല്‍ നെ വച്ച് .
ഷാ കൈ : നല്ല വാര്ത്ത. പ്രിയനല്ലേ എന്തെങ്കിലും കാണും
ചി ഭൂമി : കാണും എന്നല്ല .ഉണ്ട്.. പ്രിയന്‍ മോഹന്‍ ലാല്‍ കൂട്ടുകെട്ടിലുള്ള ഈ സിനിമയുടെ കഥയും പാട്ടുകളും എഴുതിയതാരാന്നാ വിചാരം..
ഷാ കൈ : ആരാ..????
ചി ഭൂമി : സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി
ഷാ കൈ : ശംഭോ മഹാദേവ..നീ പോ മോനെ ലാലേ......

Saturday, February 28, 2009

കടല്‍ തിരയല്ല..സുനാമി ഇത് സുനാമി

സാധാരണയായി മാര്‍ക്സിസ്റ്റ് സാഹിത്യ ചക്രവാളം സ്പോണ്‍സര്‍ ചെയ്യുന്ന വാചകക്കസര്‍ത്തിലെ മുഖ്യ വാക് ശകലമാണ് " കടല്‍ അഥവാ ചെങ്കടല്‍" (കുലംകുത്തികള്‍.പിത്രുശൂന്യര്‍,നിക്രുഷ്ടജീവി, വെറുക്കപ്പെട്ടവന്‍,തുടങ്ങിയവ വേറൊരു ദിവസം ചര്‍ച്ച ചെയ്യാം) .
ശംഖുമുഖം ചെങ്കടലാക്കി എന്നൊക്കെ യാണ് പതിവു മീഡിയ പ്രയോഗങ്ങള്‍ ഉണ്ടാവേണ്ടത് . ഇത്തവണ "കവി പിണറായി" യെ ആണു മീഡിയ കണ്ടെത്തിയത്,അതും ഉറുദു കവിത സമ്പാദിച്ച്,മലയാളത്തിലേക്കു പറിച്ചു നട്ട,അത് എടുത്തു പ്രയോഗിച്ചു വിജയിച്ച ഒരാളായിട്ട്. എന്റെ ഓര്‍മ്മയില്‍ ഇതിനു മുന്‍പ് രാഷ്ട്രീയത്തിലെ കടല്‍ കടന്നു വന്നത് "മരമുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നത് എന്ന കിടിലന്‍ ചോദ്യത്തിലായിരുന്നു. ആ ചോദ്യം വായ്മൊഴിയായാണ് എന്റെ തലമുറയില്‍ എത്തിയത്. കാലം മാറിയില്ലേ, ശംഖുമുഖത്ത് ഇരമ്പിയാര്‍ക്കുന്ന കടലിനെ നോക്കിയുള്ള വിജയ വാക്യം ലൈവായല്ലേ നമ്മളല്ലാം കണ്ടത്. കടലിനൊപ്പം ഒരുപാവം ബക്കറ്റും പൊന്തിവന്നു. ചെങ്കടല്‍ എന്നപോലെ തന്നെ പരിചയമുള്ള ഒന്നാണ് ബക്കറ്റും. ശംഖുമുഖത്തെ വേദിയിലുണ്ടായിരുന്ന C.B.I വിദ്വേഷികള്‍ക്ക് സ്വന്തം മുഖത്തേക്കാളേറെ പരിചയമാണ് ബക്കറ്റും പിരിവും ,ആ ബക്കറ്റില്‍ നിറയുകയും ഒഴിയുകയും ചെയ്യുന്ന ലക്ഷങ്ങളും.
ഒരു ബക്കറ്റ് വെള്ള ത്തിനു പറയാന്‍ എന്തൊക്കെ ഉണ്ടാവും എന്ന് ഇനി വ്യക്തമാക്കേണ്ടത് ഒരു വേലിക്കകത്തും ഇരിക്കാന്‍ കൂട്ടാക്കാത്ത മുഖ്യന്‍ തന്നെയാണ്. ആ ബക്കറ്റ് വെള്ളം വാങ്ങി വെച്ചേരെ എന്ന് സാംസ്കാരിക തലസ്ഥാനത്ത് മുഖ്യന്‍ വ്യക്തമാക്കിയെങ്കിലും
ശംഖുമുഖത്തു നിന്നും ഉയര്‍ന്ന തിര ഒരു ബക്കറ്റില്‍ ഒതുങ്ങാതെ അച്ചടക്ക സമിതിയിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങിയെന്ന് അര്‍ത്ഥം. സമാന്തര സാമ്പത്തിക സ്രോതസ്സുകളെ തിരിച്ചറിയാന്‍ അര്‍ദ്ധരാത്രിയിലെ സൂര്യോദയത്തിന് നമുക്കും കാത്തിരിക്കാം.
- ഭരണിതിരുനാള്‍ റഫീക്ക് വടക്കാഞ്ചേരി-