Saturday, April 11, 2009

മമ്മൂട്ടി സിനിമ സ്തോത്രം തോമ - വണ്‍ലൈന്‍ സ്റ്റോറികൂന്താലി പുരം ഗ്രാമം
അവിടുത്തെ മികച്ച വാഴ കര്‍ഷകന്‍ ആണു തോമ എന്ന മമ്മൂട്ടി . മണ്ണിനോടു മല്ലിടുന്ന ശരീരം.വെയിലും മഴയും കൂസാത്ത ഭാവം. സ്വന്തം കാര്‍ഷിക ഭൂമിയില്‍ കണ്ണുവെച്ചിട്ടുള്ള ഭൈരവന്റെ (മനോജ്.കെ.ജയന്‍)കുതന്ത്രങ്ങള്‍ക്കിരയാവാതെ നൂറു മേനി വിളയിക്കുന്ന "നിയ്ക്ക് ഇത്രെ പറ്റൂ വല്യമ്മാമെ" എന്നൊക്കെ പറയുന്ന തോമ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്.(പാട്ട്)

മമ്മൂട്ടി അവതരിപ്പിക്കുന്ന തോമ എന്ന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണ മാനസിക പ്രശ്നങ്ങളിലൂടെ ആണു ഈ കഥ കടന്നു പോകുന്നത്.
തോമ- ഒരു കയ്യില്‍ വേദപുസ്തകം, കഴുത്തില്‍ വെന്തിങ്ങ, വാഴക്കറ വീണു പാണ്ടു വീണ മുറിക്കയ്യന്‍ ബനിയന്‍..ഞെരിയാണി വരെ കഷ്ടി എത്തുന്ന നീല കള്ളി മുണ്ട്. ഇതാണു വേഷം. ഹെയര്‍ സ്റ്റൈല്‍ ബല്‍റാം v/s താരാദാസിലെ താരാദാസിന്റെ മതിയാവും.(മമ്മുക്കാക്ക് ഇത്രയും അനുയോജ്യമായ ഹെയര്‍ സ്റ്റൈല്‍ വേറെ ഇല്ലെന്നാണ് അതിന്റെ പ്രൊഡ്യൂസര്‍ ലിബര്‍ട്ടി ബഷീര്‍ക്കാടെയും,തോമയുടെ ഡയറക്ടര്‍ ഷാജി കൈലാസിന്റെയും അഭിപ്രായം.)
അമ്മയായി അഭിനയിക്കുന്ന ഉര്‍വ്വശി യും മകനായ മമ്മൂട്ടിയും എപ്പോഴും തമ്മില്‍ തമ്മില്‍ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നും അടിപിടിയും ബഹളവും..നാട്ടുകാര്‍ക്ക് എന്നും ഇവരെ കുറിച്ചുള്ള പരാതി കാരണം സ്ഥലം എസ്.ഐ കൊച്ചുപ്രേമന്‍ പൊറുതിമുട്ടി. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് ഹെഡ്കോണ്‍സ്റ്റബിള്‍ സലീം കുമാറുമായി ആലോചിച്ചു വരുന്ന അവസരത്തിലാണ്,സ്റ്റേഷനില്‍ ഒരു വനിതാ പീസ് സോറി വനിതാ പീസി.ചാര്‍ജു എടുക്കുന്നത്. തല്‍ക്കാലം ആ റോള്‍ ലക്ഷ്മി റായ് എടുക്കട്ടെ.

കൂന്താലിപുരത്തിന്റെ രക്ഷക്കായി തോമയുടെയും അമ്മയുടെയും വഴക്കു തീര്‍ക്കാന്‍ ലക്ഷ്മി റായ് ആ ടാസ്ക് ഏറ്റെടുക്കുന്നു.ഒരു വാടകക്കാരിയായി തോമയുടെ വീട്ടില്‍ താമസിക്കാന്‍ ലക്ഷമീ റായ് എത്തുന്നു. അമ്മയായ ഉര്‍വ്വശി യെ സോപ്പിട്ട് മകന്‍ മമ്മൂട്ടി അറിയാതെ ലക്ഷ്മിറായി അവിടെ താമസം തുടങ്ങി.
ഓല കൊണ്ടു മറച്ച കുളിമുറിയില്‍ കുളിക്കാന്‍ കയറിയ ലക്ഷ്മി റായ് വസ്ത്രം മാറ്റുന്നതിനിടെ ആളുള്ളതു അറിയാതെ തോമ കുളിമുറിയില്‍ കടക്കുന്നു.
നിലവിളി...നിലവിളി..

ഒരു പീഢനം പ്രതീക്ഷിച്ച ലക്ഷ്മി..പക്ഷെ മാപ്പു പറഞ്ഞു തലതാഴ്ത്തി കുളിമുറിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന തോമയില്‍ അനുരാഗബന്ധനസ്ഥയാകുന്നു.(പാട്ട്).

തുടര്‍ന്നുള്ള ലക്ഷ്മിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ അമ്മയ്ക്കും മകനും ഇടയില്‍ സംഭവിച്ച അകല്‍ച്ചയുടെ കാരണം കണ്ടെത്തുന്നു. തോമയ്ക്ക് നാലു വയസ്സുള്ളപ്പോള്‍ തോമയുടെ അച്ഛന്‍ ലാലു അലക്സ് ഒരു കല്ലുവെട്ട് കുഴിയില്‍ വീണു മരിക്കുന്നു. ഇതിന്റെ ആഘാതം മനസ്സില്‍ ഏല്‍ പ്പിച്ച ക്ഷതത്തെ തുടര്‍ന്നാണ് അമ്മ തോമയെ വെറുക്കാന്‍ തുടങ്ങുന്നതു.എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ അമ്മയ്ക്കു തോമായോട് പെരുത്തു ഇഷ്ടത്തോട് ഇഷ്ടം എന്ന് മനശ്ശാസ്ത്രഞ്ജന്‍ ജഗദീഷിന്റെ സഹായത്താല്‍ ലക്ഷ്മി മനസ്സിലാക്കുന്നു.

ഇതിനിടയില്‍ സ്ഥലത്തെ പ്രധാന കാശുകാരന്‍ കൂടിയായ ഭൈരവന്‍ ലക്ഷ്മിയില്‍ കണ്ണു വെക്കുന്നു ഭൈരവന്‍ വീട്ടു ജോലിക്കാരി കുളപ്പുള്ളിലീലയുടെ സഹായത്താല്‍ ലക്ഷ്മി യെ ചതിയില്‍ പെടുത്തുന്നു.
ചതിയില്‍ വീഴുന്നതിന്റെ തൊട്ടുമുന്‍പ് ലക്ഷ്മി ആ സത്യം വെളിപ്പെടുത്തുന്നു.ഭൈരവന്റെ അച്ഛന്‍ മുനിയാണ്ടി ദൊരൈ എന്ന ദേവന്‍ ആണു, മമ്മൂട്ടിയുടെ അച്ഛന്‍ ലാലു അലക്സിനെ കൊല്ലുന്നതു.

കുഞ്ഞായിരുന്ന തോമ ഫുട്ബോള്‍ കളിക്കുമ്പോള്‍ അതേ സമയം മറ്റൊരു കുഞ്ഞായിരുന്ന ഭൈരവനു ബോള്‍ കൊടുത്തില്ല എന്നകാരണം കൊണ് ടാണ് നിഷ്ഠൂരമായ ഈ കൊല നടത്തുന്നതു. ഇത് സെപിയ ടോണില്‍ ഫ്ലാഷ് ബാക്ക് ആയി കാണിക്കാം.
പിന്നീടങ്ങോട്ട് ചതിയില്‍ പെട്ട ലക്ഷ്മിയെന്ന പോലീസുകാരിയെ രക്ഷിക്കാന്‍ കേരളാപോലീസും..അച്നെ കൊന്നവരോട് പ്രതികാരത്തിനെത്തുന്ന തോമയും..പോരേ..
നൂറു ദിവസം ഓടാന്‍ ഈ കഥ പോരേ..
-ഭരണിത്തിരുനാള്‍ റഫീക്ക്-